Wednesday, July 21, 2010

പെറ്റിക്കോട്ട്‌




ചെറുപ്പത്തില്‍ എനിക്കേറെയിഷ്ടമുള്ള വസ്ത്രം പെറ്റിക്കോട്ടായിരുന്നു..
പച്ച, മഞ്ഞ, നീല, റോസ്,ഓറഞ്ച് നിറങ്ങളില്‍   ഒരുപാട് പെറ്റിക്കോട്ടുകള്‍ ഉണ്ടായിരുന്നെനിക്ക്‌.
കശുമാങ്ങച്ചാറുവീണ് എന്‍റെ പെറ്റിക്കൊട്ടുകളില്‍ എപ്പോഴും കറവീണിരുന്നു. കൂട്ടുകാരികളൊടൊത്ത് കൊത്തങ്കല്ല് കളിച്ചതും കുട്ടിയും കോലും കളിച്ചതും ഡപ്പകളിച്ചതും പെറ്റിക്കോട്ടിട്ടിട്ടായിരുന്നു..
പെറ്റിക്കോട്ട്‌ നല്‍കിയ   സ്വാതന്ത്ര്യം വളരെ വലുതായിരുന്നു. അക്കാലത്ത് പെറ്റിക്കോട്ടല്ലാതെ ഒരു വസ്ത്രത്തെ കുറിച്ച് ആലോചിക്കാനേ ആവില്ലായിരുന്നു.
ഡയമണ്ട് മുക്കില്‍ ആള്‍ത്താമാസമില്ലാത്ത വലിയവീട്ടിലെ ശവപ്പറമ്പില്‍ കടുക്കാച്ചിമാങ്ങ പെറുക്കാന്‍ എട്ടനോടൊത്ത് പോയിരുന്നത് പെറ്റിക്കോട്ടിട്ടായിരുന്നു. പെറ്റിക്കൊട്ടുനിറയെ മാങ്ങകളുമായി തിരിച്ചു വരുമ്പോള്‍ ഉള്ളില്‍ വല്ലാത്ത പേടിനിറഞ്ഞിരുന്നു. എണ്ണമറ്റ ആത്മാക്കള്‍ ശവപ്പറമ്പില്‍ നിന്നെഴുന്നേറ്റ്‌ ഞങ്ങളെ പിന്തുടരുന്നുണ്ടെന്ന തോന്നല്‍..പേടിച്ചു തിരിഞ്ഞുനോകാതെ ഓടുമ്പോഴും എന്‍റെ പെറ്റിക്കോട്ടില്‍ മാങ്ങകള്‍ സുരക്ഷിതമായിരുന്നു.
കുന്നിക്കുരുവും മഞ്ചാടിയും കുപ്പിവളക്കഷ്ണങ്ങളും ഞാന്‍ പെറുക്കിക്കുട്ടിയത് പെറ്റിക്കോട്ടിലായിരുന്നു..പെറ്റിക്കോട്ടിട്ടു കുളത്തില്‍ കുളിക്കുമ്പോള്‍ അടുത്തുവരുന്ന മാനത്തുകണ്ണികളെ പെറ്റിക്കോട്ടുകൊണ്ട് പിടികാന്‍ ശ്രമിച്ചിരുന്നു പലപ്പോഴും. പെറ്റിക്കോട്ടില്‍ കറപറ്റിക്കുന്നതിന് എട്ടത്തിമാര്‍ എന്നും വഴക്കുപറഞ്ഞിരുന്നു...
ഏഴുവയസ്സുള്ളപ്പോ പെറ്റിക്കോട്ടിനുമുകളില്‍ ഉടുപ്പോ കുപ്പായമോ ഇടണമെന്ന് വീട്ടുകാര്‍ നിര്‍ബ്ബന്ധിച്ചു തുടങ്ങി. എനിക്കുള്ള കല്‍പ്പനകളുടെ തുടക്കം അതായിരുന്നു...ഒരു മുസ്ലിം പെണ്‍കുട്ടി തലമറക്കാതെ പെറ്റിക്കോട്ടിട്ടു നടക്കുന്നതിനെതിരെ വീട്ടിലുള്ളവര്‍ ഒന്നിച്ചു..ഓത്തുപള്ളിയില്‍ ഉസ്താദും അതുതന്നെ പഠിപ്പിച്ചു..സ്ത്രീകള്‍ മുഖവും മുന്കൈയ്യും ഒഴിച്ച് ബാക്കിയെല്ലാം മറക്കണമെന്ന്...ഞാന്‍ വീണ്ടും പെറ്റിക്കോട്ടിട്ടു നടന്നു..
പതുക്കെ പതുക്കെ എന്‍റെ സ്വാതന്ത്ര്യങ്ങളില്‍ ഓരോ ആണികളായി തറഞ്ഞു കൊണ്ടിരുന്നു...അയല്‍പക്കങ്ങളില്‍ കയറിയിറങ്ങി കളിച്ചുനടക്കുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു..ശബ്ദ നിയന്ത്രണം, ചലന നിയന്ത്രണം അങ്ങിനെ പലതും വന്നുകൊണ്ടിരുന്നു..പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ കൂട്ടുകുടുബത്തിനുള്ളിലെ വലിയ അംഗസംഖ്യയ്ക്കുമുന്നില്‍ ഞാന്‍ ഒറ്റയ്ക്കായി..  ക്രമേണ പെറ്റിക്കോട്ട്‌ വെറും അടിവസ്ത്രമായി മാറി..
സ്കൂള്‍ യുണിഫോമിനുള്ളിലെ തൂവെള്ള പെറ്റിക്കോട്ടുകളേക്കാള്‍ പല നിറങ്ങളിലുള്ള പെറ്റി ക്കൊട്ടുകളായിരുന്നു എനിക്കിഷ്ടം.
പിന്നീടെപ്പോഴോ എട്ടാം ക്ലാസ്സിലെ അവധിക്കാലത്ത്‌ ഒരു പുലര്‍ക്കാല സ്വപ്നത്തിനും ഉണര്‍വ്വിനുമിടയില്‍  എന്‍റെ വെള്ളപ്പെറ്റിക്കോട്ടിലൂടെ ഞാനറിഞ്ഞ ചുവന്ന നനവ്‌ എന്നിലെ സ്വാതന്ത്ര്യത്തിന്റെ അവാനത്തെ വെളിച്ചവും കെടുത്തിക്കളഞ്ഞു.

2 comments:

Followers