Saturday, December 14, 2013

പെണ്ണ്


വീട്ടകങ്ങളിൽ പെണ്ണ്
എരിയാതെയെന്നും
നിറഞ്ഞ് കത്തണം
തീൻ മേശയിൽ
മനമറിഞ്ഞു വിളമ്പണം
കിടപ്പറയിൽ
അധിപയാകരുത്
അടിമയാകണം
നിലാവിലേക്ക്
ജനൽ തുറക്കുകയേ അരുത്
മഴയെ പ്രണയിക്കരുത്
മഞ്ഞു തുള്ളിയെ മോഹിക്കരുത്
മണ്ണട്ടി വീഴും വരെ
കല്പനകളൊ നിർദ്ദേശങ്ങളോ
ഇല്ലാത്ത
അനുസരണ മാത്രമാകണം 

എത്ര ആലോചിച്ചിട്ടും...





















മണ്ണപ്പം ചുട്ടപ്പോഴും
ഒളിച്ചേ കണ്ടേ കളിച്ചപ്പോഴും
ഞങ്ങൾക്കിടയിൽ
ജാതിയും മതവുമില്ലായിരുന്നു
വീടുകൾക്കിടയിൽ
വേലികളും
പിന്നീടെപ്പോഴാണ്
ഞാന്‍  മുസ്ലിമും
അവർ ഹിന്ദുക്കളുമായതെന്ന്
എത്ര ആലോചിച്ചിട്ടും .......

ഒളിച്ചുകളി






















ഒളിച്ചുകളിയിൽ
ഞാനെപ്പോഴും പിടിക്കപ്പെടും
ഇരുണ്ട അകത്തളങ്ങളിൽ
പത്തായത്തിൽ
കോണിച്ചോട്ടിൽ
എവിടെ ഒളിച്ചാലും
അവരെന്നെ കണ്ടുപിടിച്ചു
ഒരിക്കൽ
എല്ലാവരെയും കണ്ടുപിടിച്ച്
കളിയിൽ ജയിച്ചപ്പോഴേക്കും
പെറ്റിക്കോട്ടിൽ
ചുവന്ന പൂക്കൾ വരച്ച്
കാലം
ഇരുട്ടിലെക്കെന്നെ
ഒളിച്ചുകടത്തി 

Tuesday, December 3, 2013

വീട്ടാക്കടം




കടം വാങ്ങിയ പണം
കൊടുത്തു തീർത്തു
വീട്ടാകടങ്ങൾ
എന്നിട്ടും ബാക്കി
ഒരുരുളച്ചോറ്
അലിവുതുന്നിയ ഒരു നോട്ടം
നിറംമാഞ്ഞ ഒരുടുപ്പ്‌
ഹൃദയം തൊട്ട സാന്ത്വനം
ഇതൊക്കെയും
 കൊടുത്തു തീര്ക്കാൻ മാത്രം
സമ്പന്നയല്ല ഞാനിന്ന് 

പ്രണയം




















നിന്‍റെ
പ്രണയത്താൽ
ചുറ്റപ്പെട്ട ദ്വീപിൽ
തടവിലാണ് ഞാനിന്ന്
ഒരുനാൾ
ഇതത്രയും കുടിച്ചുവറ്റിച്ച്
ഞാൻ
മരണത്തിലേക്ക്
ഒളിച്ചു കടക്കും

വിപരീതം






















പൂവിനെ
സ്നേഹിച്ചപ്പോഴൊക്കെ
മുള്ളുകൊണ്ട്
പോറലേറ്റു 
മഴയെ
പ്രണയിച്ചപ്പോഴൊക്കെ  
വേനലിൽ
പുകഞ്ഞു  നീറി 
നിലാവിനെ
മോഹിച്ചപ്പോഴൊക്കെ 
ഇരുട്ടിന്റെ ഗഭപാത്രത്തിലുറങ്ങി 
കാടുകാണാനിറങ്ങിയപ്പോഴൊക്കെ 
മരുഭൂമി കണ്ടു മടങ്ങി....... 

Followers