Thursday, April 2, 2015

കത്തുന്ന കടല്‍

















തിരസ്ക്കരിക്കപ്പെടുന്ന
ഓരോ പ്രണയവും
മരണമാണ്
രണ്ടു ഭൂഖണ്ഡങ്ങളില്‍
തടവിലാക്കപ്പെട്ടവര്‍
പ്രണയിക്കുമ്പോള്‍
ദേശാന്തരങ്ങള്‍
മാഞ്ഞുപോകുന്നു
ഹൃദയത്തിലേക്ക് തുറക്കുന്ന
ഒരു കണ്ണ്
പ്രണയം എപ്പോഴും
കാത്തുവെക്കുന്നു
ചിത്രശലഭങ്ങള്‍ ജനിക്കുന്നത്
പൂക്കളെ ഉമ്മവെക്കാനാണ്
ഒരു ജന്മംകൊണ്ട്
എത്രപൂക്കളെ
ശലഭം ഉമ്മവെക്കും
പ്രണയിച്ച കുറ്റത്തിനാണ്
നാടുകടത്തപ്പെട്ടത്
ഒരു കൊടുങ്കാറ്റിനൊടുവിലാണ്
വേരുകള്‍
മുറിഞ്ഞുപോയത്
ഉള്ളില്‍
തീപിടിച്ച ഒരുകടലുണ്ട്
അവസാനത്തെ പിടച്ചിലിനും മുമ്പ്
അത്
പുറത്തേക്ക് ഒഴുക്കിക്കളയണം

ഒറ്റനക്ഷത്രം



















ആകാശം കാണാതെ
കാത്തുവെച്ച
മയില്‍പ്പീലിത്തുണ്ട്
പുസ്തകത്താളില്‍ നിന്ന്
എങ്ങോട്ടാണ് ഇറങ്ങിനടന്നത്
കൂട്ടിവെച്ച
വളത്തുട്ടുകളെല്ലാം
തൊട്ടാല്‍ മുറിയുന്ന വാക്കുകളായി
പുനര്‍ജ്ജനിച്ചത്
എപ്പോഴായിരിക്കും
രാവെളുത്തപ്പോള്‍
മുല്ലച്ചെടിയിലെ പൂക്കളെല്ലാം
വെറും കടലാസ് തുണ്ടുകളായി
മാറിപ്പോയിരിക്കുന്നു
തിരകളില്ലാത്ത കടല്‍
എങ്ങിനെയായിരിക്കും
തിരയെ പ്രണയിച്ചിട്ടുണ്ടാവുക
ഈ കൂരിരുട്ടിലും
ഒറ്റനക്ഷത്രം തിളങ്ങുന്നുണ്ട്
തടഞ്ഞു നിര്‍ത്തപ്പെട്ട
ഓരോ നദിയും
എല്ലാ അണക്കെട്ടുകളെയും
തകര്‍ത്തെറിഞ്ഞ്
ഒരുനാള്‍ പ്രളയത്താല്‍
നൃത്തം വെക്കുക തന്നെ ചെയ്യും

ഉഷ്ണക്കാറ്റ്





















ഈ തണുത്ത പ്രഭാതത്തില്‍
ഇലത്തുമ്പിലെ
മഞ്ഞുതുള്ളിയിലേക്ക് നോക്കി
നിന്നെയാണോര്‍മ്മിച്ചത്
ഇന്ന്
ഞാനും നീയും
രണ്ടുവന്‍കരകളിലാണ്
വഴിയിലൊക്കെയും
പറിച്ചെറിഞ്ഞാലും
വീണ്ടും തഴയ്ക്കുന്ന
മുള്‍ക്കാടുകള്‍
അതിര്‍ത്തിക്കപ്പുറത്ത് നിന്ന്
നീ ഓര്‍മ്മകളുടെ ശവകുടീരത്തില്‍
പൂക്കള്‍ വെക്കുന്നു
നിന്‍റെ പ്രണയത്തിന്‍റെ
കാലൊച്ചകള്‍ക്കായി
ഞാന്‍
കാതോര്‍ത്ത നാട്ടുവഴികളൊക്കെ
എവിടെയോ അപ്രത്യക്ഷമായി
ഞാനും നീയും
പറയാതെപോയ പ്രണയത്തിന്‍റെ
ഉഷ്ണക്കാറ്റേറ്റ്
എപ്പോഴായിരിക്കും
ഞാന്‍ മരിച്ചുപോയത്

തുലാഭാരം



















മഴ തോര്‍ന്നിട്ടും
മനസ്സില്‍ ഭൂതകാലം
പെയ്തുകൊണ്ടേയിരിക്കുന്നു
മരിച്ചവരുടെ കടലില്‍ നിന്ന്
ഒരു തിര ജീവിതത്തിലേക്ക്
തിരിഞ്ഞുനോക്കുന്നു
കണ്ണീരുകൊണ്ട്
തുലാഭാരം നടത്തിയാല്‍
ഏത് ദൈവത്തെയാവും
സന്തോഷിപ്പിക്കാനാവുക
പൂ പറിക്കുവാന്‍
കുന്നിറങ്ങിയ പെണ്‍കുട്ടി
എങ്ങോട്ടാണ് നടന്നു മറഞ്ഞത്
പാഥേയമില്ലാതെയാണ്
തീര്‍ഥാടനത്തിനിറങ്ങിയത്
മുന്നിലെ
പാതകളൊക്കെയും ശൂന്യമാണ്
ഒരുപിടി വറ്റ്
ആര് കടംതരും

മരുപ്പച്ച






















വിരല്‍ത്തുമ്പില്‍
എണ്ണമറ്റ സൌഹൃദങ്ങള്‍
മനസ്സുകള്‍ക്കിടയിലൊരു
കടല്‍ ദൂരം
ചിരിക്കുന്ന മുഖംമൂടികൊണ്ട്
കണ്ണീരിന് തടയണകെട്ടി
എത്രനാളിങ്ങനെ
മലകയറാനുള്ള
തിരക്കിലാണെല്ലാരും
വീണുപോകുന്നവര്‍
എത്ര പെട്ടെന്നാണ്
മറവിയിലേക്ക് മാഞ്ഞുപോകുന്നത്
നിലവിളികള്‍ക്ക് നേരെ
കാതുകള്‍
അടഞ്ഞു തന്നെയിരിക്കുന്നു
ഒരു മരുപ്പച്ച
എവിടെയാവും.

Thursday, February 12, 2015

സൂര്യനിലേക്കൊരു പ്രണയലേഖനം



























നിലാവ് കൊണ്ട്
നഗ്നത മറച്ച്
ചന്ദ്രനോടൊത്ത്
നൃത്തം ചെയ്യണം
മഴ നനഞ്ഞ് നനഞ്ഞ്
മഴയോടൊത്ത്
ഇല്ലാതാകണം
തിരയെ ഉമ്മവെച്ച്
കടലിലെ ഉപ്പ് മുഴുവന്‍
വലിച്ചെടുക്കണം
കുന്നിന്‍ മുകളില്‍ നിന്ന്
ഉച്ചത്തിലുച്ചത്തില്‍ കൂവണം
കത്തുന്ന പ്രണയംകൊണ്ട്
സൂര്യനിലേക്കൊരു
പ്രണയലേഖനമെഴുതണം
മഴവില്ലിന്‍റെ നിറങ്ങള്‍
മാറ്റിവരയ്ക്കാന്‍
പുതിയൊരു ബ്രഷ്
എവിടെകിട്ടും 

എന്തുകൊണ്ടായിരിക്കും........


















നിഴലില്‍ നിന്ന്
വെളിച്ചത്തിലേക്ക്
വരണമെന്നുണ്ട്
എന്തുകൊണ്ടോ
എത്ര ആഗ്രഹിച്ചിട്ടും
അതിനാവുന്നേയില്ല
പണ്ട്
ഇരുട്ടിനെ ഭയമായിരുന്നു
വെളിച്ചത്തെയാണ്
പ്രണയിച്ചിരുന്നത്
ഇന്ന്
കൂരിരുട്ടിനെ മാത്രം
പ്രണയിച്ച്
ഒരു
നുറുങ്ങുവെട്ടത്തെപ്പോലും ഭയന്ന്
എന്തുകൊണ്ടായിരിക്കും
ഇങ്ങനെ

ഒറ്റയ്ക്കൊരു ചില്ല
















എനിക്ക്മാത്രമിരിക്കാന്‍
ഒരു ചില്ലവേണം
ഒളിഞ്ഞു നോട്ടക്കാര്‍ക്കും 
പിമ്പുകള്‍ക്കും
അവിടെ 
പ്രവേശനമുണ്ടാവരുത്
കല്‍പനകളും 
തീരുമാനങ്ങളും 
എന്‍റെതാകണം
നക്ഷത്രങ്ങള്‍കൊണ്ട് 
ഊഞ്ഞാലുകെട്ടണം
മേഘങ്ങളിലേക്ക് 
യാത്രപോകണം
വരംനല്കാന്‍ 
കഴിയുമായിരുന്നെങ്കില്‍
വരണ്ടുപോയ പുഴകളിലൊക്കെയും 
പ്രളയം നിറച്ച്
കരിഞ്ഞ കാടുകളൊക്കെ
വസന്തത്താല്‍
പുനര്‍ജനിപ്പിച്ച്
അകന്നുപോയ 
മനസ്സുകളൊക്കെയും 
സ്നേഹത്തിന്‍റെ പട്ടുനൂല്‍കോണ്ട്
തുന്നിച്ചേര്‍ത്ത്
ഒറ്റപ്പെട്ടവരുടെ തുരുത്തില്‍ 
അങ്ങോട്ടുമിങ്ങോട്ടും 
കടക്കാനൊരു പാലം കെട്ടി 
ഞാനെന്‍റെ ചില്ലയില്‍
തനിച്ചിരിക്കും..


Friday, February 6, 2015

വിചിത്രമായൊരു ഭൂപടം

.


















രാത്രി
ഒരു ഭൂപടം വരയ്ക്കുന്നു
നിഗൂഢമായ മനസ്സിന്‍റെ
വിചിത്രമായൊരു ഭൂപടം
ഓര്‍മ്മകളുടെ മഴ
പിന്നെയും കനത്ത് പെയ്യുന്നു
നൃത്തം വയ്ക്കുന്ന
നിഴലുകള്‍ക്കിടയില്‍
ഞാന്‍
നിന്നെ മാത്രം തിരയുന്നു
ഇരുണ്ട രാത്രിയില്‍
തിളങ്ങുന്ന
ഒരു പൂച്ചക്കണ്ണ്
രതിയുടെ വന്‍കരകളിലേക്ക്
ക്ഷണിക്കുന്നു
ഭൂതകാലത്തില്‍ നിന്ന്
ഇറങ്ങിവന്നൊരു പ്രണയം
ഹൃദയം
കടം ചോദിക്കുന്നു
സൂര്യനെ കാമിച്ച്
ചാപിള്ള പെറ്റ പെണ്ണ്
തടവിലാണ്
പിന്‍വിളികള്‍ക്ക്
കാതോര്‍ക്കാതെയാണ്
ഇറങ്ങിനടന്നത്
അതുകൊണ്ടായിരിക്കുമോ
താണ്ടിയ പാതകളൊക്കെയും
കടലെടുത്തത്.



Thursday, February 5, 2015

ദൂരം


















നമുക്കിമിടയില്‍
കാതങ്ങളുടെ ദൂരം
നിന്നിലേക്ക് നടന്നെത്താന്‍
നക്ഷത്രങ്ങളും
നിലാവും താണ്ടണം
കത്തുന്ന സൂര്യനെ
മറികടക്കണം
ഉള്ളിലെ പ്രണയം
ഒട്ടും തുളുമ്പാതെ
സമുദ്രങ്ങളൊക്കെയും
നീന്തിക്കടക്കണം
കുന്നായ കുന്നൊക്കെ
നടന്നു കയറണം
എന്നാലും
എല്ലാമരുഭൂമികളും
കാടായിമാറുന്ന
ഒരു പെരുമഴക്കാലത്ത് മാത്രമെ
എനിക്കു നിന്നെ തൊടാനാവൂ...

ഉര്‍വ്വരത





















ജന്മ നക്ഷത്രം
തെറ്റിപ്പോകുന്നത്
ആരുടേയും കുറ്റമല്ല
പെണ്ണായി രൂപപ്പെടുന്നതും
ഓരോ പെണ്‍കുട്ടിയും
ഓരോ ഋതുവാണ്
കാലുകള്‍ക്കിടയിലൂടെ
നിനച്ചിരിക്കാതെ വരുന്ന
ചുവന്ന
നീര്‍ച്ചാലുകളെ
ഭയമാണെനിക്ക്
ചിലപ്പോള്‍
ഉന്‍മാദത്തിന്‍റെ
വേലികള്‍ പൂക്കുന്ന
നാട്ടുപാതയിലൂടെയുള്ള
ഏകാന്ത സഞ്ചാരമാണത്
ഞരമ്പുകളിലന്നേരം
തീയാണ്
ഉള്ളില്‍ വിഷാദത്തിന്‍റെ
കടല്‍
വരാനിരിക്കുന്ന
വസന്തത്തിന് വേണ്ടി
അത്
പ്രണയത്തിന്‍റെ
വിത്തുകള്‍ പാകുന്നു
ഉര്‍വ്വരതയ്ക്കും
തരിശിനുമിടയിലെ
പാലമാണത്


Wednesday, February 4, 2015

അതിരുകള്‍










അതിരുകളെല്ലാം 
മായ്ച്ചുകളയണമെന്നുണ്ട്
വേലികളെല്ലാം
പൊളിച്ചു നീക്കണമെന്നും
വെളുപ്പും 
കറുപ്പും
അപ്രസക്തമാകുന്ന
ഒരുകുപ്പായം തുന്നണം
ഇരുട്ടിനെ കോരിക്കളഞ്ഞ്
മിന്നാമിനുങ്ങിന്‍റെ
കൈപിടിച്ച്
കുന്നുകയറണം
ക്ലാവ്പിടിച്ച 
ചങ്ങല അറുത്ത്മാറ്റി
മഴനനഞ്ഞ്
പുഴമുറിച്ച് കടക്കണം
നരച്ചുപോയ 
മുഖംമൂടികള്‍ 
പഴയത് വില്‍ക്കുന്ന 
കച്ചവടക്കാരന്
വെറുതെകൊടുത്ത്
നഷ്ടപ്പെട്ടമുഖം 
തിരിച്ചു പിടിക്കണം
ജനാലകളൊക്കെ 
കാറ്റിലേക്ക് തുറന്ന്
വാതിലുകളില്ലാത്ത 
വെളിച്ചമുള്ള വീടാകണം 




Thursday, January 22, 2015

പറയാന്‍ മറന്നവാക്ക്


























പറയാന്‍ മറന്ന
വാക്കുകള്‍ക്കായി
പലവട്ടം പരതി
നാവിന്‍ തുമ്പിലുണ്ട്
ഉള്ളില്‍ മുഴങ്ങുന്നുണ്ട്
എന്നിട്ടും
പുറത്തേക്ക് വരുന്നെയില്ല
എപ്പോഴും
അങ്ങിനെ തന്നെയാണ്
പറയേണ്ട വാക്കുകള്‍
പറയേണ്ട സമയത്ത്
നാക്കിന്‍ തുമ്പിലേക്ക്
വരാറെയില്ല
പറയാന്‍ മറന്നതൊക്കെയും
ഉള്ളില്‍ കിടന്ന്
കലമ്പല്‍ കൂട്ടുന്നു പലപ്പോഴും
മനസ്സുകാണാന്‍
ഒരു കണ്ണാടിയുണ്ടായിരുന്നെങ്കില്‍
പറയേണ്ടതൊക്കെയും
വീണ്ടെടുക്കാമായിരുന്നു..


പ്രണയ വസന്തം

.

























ഉറക്കത്തിനും
ഉണര്‍വ്വിനുമിടയിലെ
പാതി മുറിഞ്ഞുപോയ
സ്വപ്നത്തിലാണ്
ഒരു പൂമ്പാറ്റ വന്നെന്നെ
ഉമ്മവെച്ചത്
എത്ര പെട്ടെന്നാണെന്നോ
ഓരോ അണുവിലും
ഒരു വസന്തമായി
ഞാന്‍ നിറഞ്ഞു പൂത്തത്
ചില പ്രണയങ്ങള്‍
അങ്ങനെയാണ്
കാത്തിരിപ്പുകള്‍ക്കൊടുവില്‍
പൂക്കുന്ന
നീലക്കുറിഞ്ഞിപോലെ
ദിവസങ്ങളുടെ മാത്രം
ദൈര്‍ഘ്യത്തില്‍
നിറഞ്ഞ് പൂത്ത്
കൊഴിഞ്ഞുപോകുന്നവ.

ഏകാന്തത





















ഒറ്റമരത്തില്‍
ഒറ്റയ്ക്കിരിക്കുന്ന
കിളിയുടെ
ഒറ്റയ്ക്ക് വിരിഞ്ഞ
പൂവിന്‍റെ
ഇലത്തുമ്പിലെ
ഒറ്റ മഞ്ഞുതുള്ളിയുടെ
ഒറ്റയ്ക്ക് മിന്നുന്ന
നക്ഷത്രത്തിന്‍റെ
മരുഭൂമിയില്‍
വഴിതെറ്റിയ
യാത്രക്കാരന്‍റെ
ഏകാന്തതയേക്കാള്‍
എത്രമേല്‍ വലുതാണ്
ഗര്‍ഭസ്ഥ ശിശുവിന്‍റെ
ഏകാന്തത...

വിലക്ക്


















ഒരേ ഗര്‍ഭപാത്രത്തില്‍
ഒരേ ജൈവഭിത്തിയില്‍
അള്ളിപ്പിടിച്ചാണ്
വളര്‍ന്നത്
ഞാന്‍ പെണ്ണും
നീ
ആണുമായിപ്പോയത്
എന്‍റെ കുറ്റമല്ല
എന്നിട്ടും
എനിക്കു വിലക്കുകളും
നിനക്ക് സ്വാതന്ത്ര്യവും
കല്‍പ്പിച്ചു തന്നതാരാണ്..?

Wednesday, January 21, 2015

എനിക്കും നിനക്കുമിടയില്‍





















എനിക്കും
നിനക്കും ഇടയിലെ
വരണ്ടുപോയ മരുഭൂമി
മുറിച്ചുകടക്കണമെന്ന്
നമുക്കിടയില്‍
കൊഴിഞ്ഞുപോയ
വസന്തകാലത്തിലിരുന്ന്
ആലോചിക്കാറുണ്ട്
ചിലപ്പോഴൊക്കെ.
എനിക്കും
നിനക്കുമിടയിലെ
കത്തുന്ന വേനലില്‍
പൊള്ളുമ്പോഴൊക്കെ
കടലെടുത്തുപോയ
നിലാവിന്‍റെ ഒരു തുണ്ട്
നീ എനിക്കായ്
കാത്തുവെച്ചിട്ടുണ്ടെന്ന്
ഞാന്‍ സ്വപ്നം കാണുന്നു.

ഒറ്റമരം




അടുത്ത ജന്മത്തില്‍
ഒരു മരമായ്
പുനര്‍ജ്ജനിക്കണം
കൊടിയ വേനലില്‍
തണല്‍പാകുന്ന
മരുഭൂമിയിലെ
ഒറ്റമരം
വെട്ടിമാറ്റിയാലും
വീണ്ടും വീണ്ടും
പച്ചപുതക്കുന്ന
പൂക്കുന്ന കായ്ക്കുന്ന
ഒറ്റമരം
വേരുകള്‍ കൊണ്ട്
ഭൂമിയെ വരിഞ്ഞുചുറ്റി
ആകാശത്തേക്ക്
പച്ചക്കുട തുറന്ന്
സൂര്യനെ പ്രണയിച്ച്
ചന്ദ്രനെ കാമിച്ച്
മഴയും മഞ്ഞും നുകര്‍ന്ന്
എനിക്കുമൊരു
പച്ചയാകണം

അവള്‍



























അടുക്കളയില്‍
അരിതിളച്ചു തുവുന്നു
അവള്‍ തിളച്ച്
തുവാതെ
വേവുന്നു
സ്വപ്‌നങ്ങള്‍ വറുത്തവള്‍
ഉച്ചക്കിണ്ണത്തില്‍
വിളമ്പുന്നു
ഉരല്‍ ഉലക്ക അടുപ്പ്
എല്ലാം മാറി
മാറ്റമില്ലാത്തത്
അവള്‍ക്കുമാത്രം
അവളുടെ ചിന്തകള്‍
മിക്സിയിലരഞ്ഞു തീരുന്നു
വിശ്വാസങ്ങള്‍
ഫ്രീസറില്‍ തണുത്തുറയുന്നു
കണ്ണീരുവറ്റി
ഉപ്പുപാത്രം നിറയുന്നു
ഉടച്ചുവാര്‍ക്കാനാവാതെ
ജീവിതം
അടുക്കളയില്‍ തേഞ്ഞുതീരുന്നു

നിനക്കായ് മാത്രം




















മരുഭൂമിയായ്                        
ഞാന്‍
ചുട്ടുനീറിയപ്പോഴൊന്നും
നീ
കാറ്റായി കനിഞ്ഞില്ല
കൊടിയ വേനലില്‍
വരണ്ട്
വറ്റിയപ്പോഴൊന്നും
നീ
മഴയായ് പെയ്തില്ല
ഇരുണ്ട രാത്രിയില്‍
ഭയന്ന് വിറച്ചപ്പോഴൊന്നും
നീ
കുഞ്ഞുനക്ഷത്രമായില്ല
പെരുമഴയില്‍
ഞാന്‍ നനഞ്ഞപ്പോള്‍
നീ
വെയില്‍കഷ്ണമായില്ല
കൊടും തണുപ്പില്‍
ഞാന്‍ തണുത്തുറഞ്ഞപ്പോള്‍
നീ
ഒരു കീറപ്പുതപ്പുപോലുമായില്ല
എന്നിട്ടുമെന്തേ
എന്റെ ഹൃദയം
നിനക്കായ് മാത്രം
തുടിക്കുന്നു..



ഒറ്റുകാരി


















ജാതി ചോദിച്ചില്ല
ആരോടും
ജാതി പറഞ്ഞില്ല
ആരോടും
എന്നിട്ടും
അവരെനിക്ക്നേരെ
കയര്‍ക്കുന്നു
നിനക്കിവിടെ
സ്ഥാനമില്ലെന്ന്
മതമേതെന്ന്
പറഞ്ഞില്ല
ഒരു
മതചിഹ്നവുമണിഞ്ഞില്ല
അമ്പലത്തിലോ
പള്ളിയിലോ
കയറിയില്ല
എന്നിട്ടും
ഒരുപേര്ചൂണ്ടി
അവരെന്നെ
ഒറ്റുകാരിയാക്കുന്നു










ഉന്മാദം


















ഉന്മാദത്തിന്റെ
പാഥേയവുമായി
ജീവിതത്തിന്റെ
പുറമ്പോക്കിലേക്ക്
യാത്രപോകുന്നവരെ
കണ്ടിട്ടുണ്ട്
അദൃശ്യമായ
വന്‍കരകളിലേക്ക്
ആകാശത്തിനും
ആഴിക്കുമിടയിലൂടെയുള്ള
ഒരാകാന്തസഞ്ചാരമാണത്
കടുംനിറങ്ങള്‍
തുന്നിചേര്‍ത്ത
കൊളാഷിലൂടെയുള്ള
യാത്ര
ഉള്ളിലെ വസന്തത്തിന്
തീ പിടിക്കുമ്പോഴാണ്
ഓരോ ഉന്മാദിയും
ജനിക്കുന്നത്.












Followers